ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പാർലമെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഇന്ത്യ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും രാഷ്ട്രീയ പാർട്ടികളെ ബോധ്യപ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പശ്ചിമേഷ്യയിലെ നിലവിലെ സൈനിക സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെക്കുറിച്ചും വിവിധ പാർട്ടി നേതാക്കൾക്ക് വിശദീകരണം നൽകും. യുദ്ധമേഖലയിൽ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയും അവരെ ഒഴിപ്പിക്കാനുള്ള സാധ്യതകളും യോഗത്തിൽ ചർച്ചയാകും.
ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസവും അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടാക്കാൻ ഇടയുള്ള ആഘാതങ്ങളും യോഗം വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.